യുഡിഎഫ് ഇളകുന്നു; ജോര്‍ജിനെതിരെ ജോസഫ് വിഭാഗത്തിന്റെ പടനീക്കം
ചൊവ്വ, 26 ഫെബ്രുവരി 2013 (11:08 IST)
PRO
PRO
കേരളാകോണ്‍ഗ്രസ് എമ്മില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുന്നതായി സൂചന. മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ചേര്‍ന്ന് ജനമുന്നേറ്റ സമിതി എന്ന പേരില്‍ സമാന്തര സംഘടന രൂപവത്കരിച്ചത് പി സി ജോര്‍ജിനെ ലക്‍ഷ്യമിട്ടാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
ജോര്‍ജിനെതിരെ മാണിയുടെ പ്രസ് സെക്രട്ടറി പി എം വിനുകുമാര്‍ ലേഖനമെഴുതിയതിന് പിന്നാലെയാണ് കേരളാകോണ്‍ഗ്രസില്‍ ഇത്തരമൊരു വിഭാഗിയതയ്ക്ക് നീക്കം നടക്കുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളാണ് ജനമുന്നേറ്റ സമിതിക്ക് പിന്നില്‍. മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനമുന്നേറ്റ സമിതിയില്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം പഴയ ജോസഫ് ഗ്രൂപ്പിന്‍െറ സജീവ പ്രവര്‍ത്തകരാണ്.
അതേസമയം, പഴയ ജോസഫ് ഗ്രൂപ്പുകാരനായ തനിക്കെതിരെ ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം ചേര്‍ന്ന് രൂപവത്കരിച്ച സമിതിക്ക് ബദലായി യുവാക്കളെ അണിനിരത്തി അഴിമതി വിരുദ്ധസേന രൂപവത്കരിക്കാന്‍ പി സി ജോര്‍ജ് ലക്‍ഷ്യമിടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ വേദിയിലിരുന്ന ജനമുന്നേറ്റ സമിതിയുടെ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. അതികം താമസിക്കാതെ തന്നെ ജോര്‍ജ് - ജോസഫ് ചേരിപ്പോര് മറനീക്കി പുറത്ത് വരുമെന്ന് ഉറപ്പായി. യു ഡി എഫിന്റെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിച്ചേക്കാം.