യമനിലേക്കുള്ള ആദ്യകപ്പല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു

തിങ്കള്‍, 30 മാര്‍ച്ച് 2015 (08:14 IST)
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൊച്ചിയില്‍ നിന്ന് കപ്പലുകള്‍ പുറപ്പെട്ടു. 
രണ്ടു കപ്പലുകള്‍ ആണ് കൊച്ചിയില്‍ നിന്ന് യമനിലേക്ക് പോകുന്നത്. ആദ്യകപ്പലായ ‘കോറല്‍’ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. ഇതില്‍  400 യാത്രക്കാരെ ഉള്‍ക്കൊള്ളും. മറ്റൊരു കപ്പലായ ‘കവരത്തി’ എട്ടരയോടെ യമനിലേക്ക് പുറപ്പെടും.
 
അതേസമയം, യമനില്‍ നിന്നുള്ള ആദ്യമലയാളി തിരുവനന്തപുരത്ത് എത്തി. റൂബിന്‍ ജേക്കബ് ചാണ്ടിയാണ് തിങ്കളാഴ്ച രാവിലെയുള്ള ഖത്തര്‍ എയര്‍വേസില്‍ എത്തിയത്. യമനിലെ സ്ഥിതി അതീവഗുരുതരമാണെന്ന് യമനില്‍ നിന്നെത്തിയ റൂബിന്‍ ജേക്കബ് ചാണ്ടി പറഞ്ഞു. അതിനാല്‍, കേന്ദ്ര സംസ്ഥാന സ‍ര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും റൂബിന്‍ പറഞ്ഞു. 
 
യമനില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. മൂവായിരത്തോളം മലയാളികളാണ് യെമനിലുള്ളത്. ഇതില്‍ 2100 പേര്‍ തിരിച്ചുവരാന്‍ തയ്യാറാണ്. ഇതിനിടെ, വിമതര്‍ കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് യമന്‍ പ്രസിഡന്റ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക