മോഹന്‍ലാലിന്‍റെ പണം സര്‍ക്കാരിന് വേണ്ട; വാങ്ങിയാല്‍ അത് അന്തസിന് നിരക്കുന്നതല്ല: മന്ത്രിസഭായോഗം

ബുധന്‍, 4 ഫെബ്രുവരി 2015 (13:18 IST)
'ലാലിസം' വിവാദം കത്തിപ്പടര്‍ന്നതോടെ പണം തിരികെ നല്‍കാമെന്നുള്ള മോഹന്‍ലാലിന്‍റെ നിലപാട് തള്ളി സംസ്ഥാന മന്ത്രിസഭായോഗം. മോഹന്‍ലാലിന്‍റെ പണം സര്‍ക്കാരിനുവേണ്ട എന്ന നിലപാടാണ് മന്ത്രിസഭായോഗം കൈക്കൊണ്ടിരിക്കുന്നത്.
 
ലാലിസത്തിന് ചെലവായ തുക മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങുന്നത് അന്തസിന് നിരക്കുന്നതല്ലെന്നാണ് മന്ത്രിസഭായോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം. പണം തിരികെ വാങ്ങുന്നത് മോഹന്‍ലാല്‍ എന്ന കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു. അതിനാല്‍ മോഹന്‍ലാല്‍ തിരികെ നല്‍കാമെന്ന് അറിയിച്ച 1.63 കോടി രൂപ വാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നത്.
 
മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്ന് എത്ര സമ്മര്‍ദ്ദം ഉണ്ടായാലും പണം തിരികെ വാങ്ങരുത് എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 
 
അതേസമയം, പണം മടക്കിനല്‍കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മോഹന്‍ലാല്‍. ഇനി ആരുപറഞ്ഞാലും ഒരു ഒത്തുതീര്‍പ്പിനും മോഹന്‍ലാല്‍ തയ്യാറാകില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
 
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയപ്പെട്ടതെന്ന സര്‍ക്കാര്‍ നിലപാടില്‍ മോഹന്‍ലാല്‍ ഏറെ ദുഃഖിതനാണ്. അതുകൊണ്ടുതന്നെ പണം മടക്കിനല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചയ്ക്കും മോഹന്‍ലാല്‍ തയ്യാറല്ല എന്നാണ് വിവരം.
 
മോഹന്‍ലാലിനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക