മൊഴിമാറ്റം: കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കേസ്
ഞായര്‍, 30 ജനുവരി 2011 (12:06 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടുള്ള മൊഴിമാറ്റം സംബന്ധിച്ച രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും റൌഫിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് നിര്‍ദ്ദേശം പൊലീസ് അധികാരികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് ടൌണ്‍ പൊലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് കേസിനുള്ള വഴി വീണ്ടും തുറന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്.
ഐസ്ക്രീം പാര്‍ലര്‍ കേസിലെ മൊഴിമാറ്റത്തിന്റെ ആദ്യരേഖകള്‍ ഇന്നലെയാണ് പുറത്തുവന്നത്. സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയുന്നതിന് മുന്നോടിയായി എഴുതിയുണ്ടാക്കിയ കരാറിന്റെ പകര്‍പ്പായിരുന്നു മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. റെജുല, റെജീന എന്നീ സാക്ഷികളുടെ മൊഴിമാറ്റരേഖകളാണ് പരസ്യമായിരിക്കുന്നത്. അജിത പറഞ്ഞിട്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായും മൊഴി തിരുത്തിയതായാണ് രേഖകളില്‍ കാണപ്പെടുന്നത്. ഈ മൊഴിമാറ്റങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്ന് റൗഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.