മോഷ്‌ടിച്ച ബൈക്കിലെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; രണ്ട് യുവാക്കള്‍ പൊലീസ്‌ പിടിയില്‍

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (13:50 IST)
മോഷ്‌ടിച്ച ബൈക്കിലെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട സംഘം പൊലീസ്‌ പിടിയില്‍. ചൊവാഴ്‌ച രാത്രി 9.45ന് എരിമേലിയിലാണ് സംഭവം നടന്നത്. പിടിയിലായ ഇരുവരും പതിനാലു കേസുകളില്‍ പ്രതികളാണെന്ന് പൊലീസ്‌ അറിയിച്ചു.
 
പെട്രോള്‍ പമ്പുകളില്‍ മോഷണം പതിവാക്കിയ മണര്‍കാട്‌ പണിക്കമറ്റം കുറ്റിയാകുന്നു ഭാഗം കാവുംപടി കിഴക്കേതില്‍ പ്രവീണ്‍ രാജ്‌ (20), വിജയപുരം സഹകരണബാങ്കിനു സമീപം ചിറയില്‍ പുല്‍ച്ചാടി എന്നു വിളിക്കുന്ന ലുധീഷ്‌ (20) എന്നിവരാണ് പിടിയിലായത്. രാത്രി 8.30നു റാന്നിയില്‍നിന്നു മോഷ്ടിച്ച ബൈക്കുമായി എത്തിയ സംഘം എരുമേലി പൊലീസ്‌ സ്‌റ്റേഷനു സമീപമുള്ള പെട്രോള്‍ പമ്പില്‍നിന്നാണു പണം മോഷ്‌ടിച്ചത്‌. തിരക്കു കുറഞ്ഞ പെട്രോള്‍ പമ്പ്‌ നീരിക്ഷിച്ചശേഷം സമീപത്തെ മറ്റൊരു പെട്രോള്‍ പമ്പില്‍നിന്ന്‌ പെട്രോള്‍ അടിച്ചു. തിരിച്ചെത്തിയ ഇരുവരും ട്രേയില്‍നിന്ന്‌ പണം കവര്‍ന്ന്‌ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.18,000 രൂപയാണു ഇവര്‍ കവര്‍ന്നത്‌.
 
മഞ്ഞ ബൈക്കില്‍ വന്ന രണ്ടു ചെറുപ്പക്കാര്‍ കവര്‍ച്ച നടത്തിയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പൊലീസ് തിരച്ചില്‍ നടത്തിയത്‍. എന്നാല്‍ അര്‍ധരാത്രിയോടെ പാലൂര്‍ക്കാവ്‌ മേഖലയിലെത്തിയ യുവാക്കള്‍ സമീപത്തെ വനപ്രദേശത്തേക്കു കയറി. പിന്നാലെയെത്തിയ പൊലീസ്‌ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ്‌ പോകാനായി രാവിലെവരെ കാത്തിരുന്ന പ്രതികള്‍, നേരം പുലര്‍ന്നപ്പോള്‍ നാട്ടുകാരോട്‌ പൊലീസിനെപ്പറ്റി ചോദിച്ചതാണു അവര്‍ക്ക് വിനയായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്ന പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇരുവരെയും ഓടിച്ചിട്ട്‌ പിടികൂടുകയുമായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article