മെത്രാന്‍ കായല്‍ നികത്തുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ, സര്‍ക്കാരിന് തിരിച്ചടി

ചൊവ്വ, 8 മാര്‍ച്ച് 2016 (16:37 IST)
മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ എന്‍ കെ അലക്സാണ്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.
 
മെത്രാന്‍ കായലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ പാടില്ലെന്നും അത് ഇപ്പോഴും കൃഷിയോഗ്യമാണെന്നും കൃഷി നടന്നുകൊണ്ടിരിക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നികത്തിയുള്ള പദ്ധതിയെക്കുറിച്ച് അജണ്ടയിഉല്‍ ഉള്‍പ്പെടുത്താതെ വന്ന ഫയലുകള്‍ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയിരുന്നത്.
 
2007ല്‍ റെക്കിന്‍ഡോ ഡവലപ്പേഴ്സ് എന്ന കമ്പനി മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം വാങ്ങിക്കൂട്ടുകയായിരുന്നു. ‘കുമരകം ടൂറിസം റിസോര്‍ട്ട് വില്ലേജ്’ എന്ന പദ്ധതി തുടങ്ങാന്‍ കമ്പനി അപേക്ഷിച്ചപ്പോള്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കി. പരിസ്ഥിതിക്ക് വിനാശകരമാണ് പദ്ധതിയെന്ന് മനസിലാക്കി പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു. ആ പദ്ധതിയ്ക്കാണ് യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും അനുമതി കൊടുത്തത്. 
 
മെത്രാന്‍ കായല്‍ നികത്തല്‍ വന്‍ വിവാദമായതോടെ കോണ്‍ഗ്രസില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പദ്ധതി റദ്ദാക്കാന്‍ തീരുമാനമെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ വന്നിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക