മൂന്നാര്‍ കൈയേറ്റം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം

ബുധന്‍, 20 ജനുവരി 2010 (10:08 IST)
PRO
PRO
മൂന്നാറിലെ വ്യാപകമായ ഭൂമി കൈയേറ്റം സംബന്ധിച്ച സര്‍ക്കാര്‍ ബുധനാഴ്‌ച ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കും. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജി പരിഗണിക്കവെ ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഭൂമി കൈയേറ്റം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്.

മൂന്നാറില്‍ 3,000ത്തില്‍പരം വ്യാജ പട്ടയങ്ങളുണ്ടെന്നു രാജന്‍ മധേക്കര്‍, പി സി സനല്‍കുമാര്‍, നിവേദിത പി ഹരന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പട്ടയങ്ങളില്‍ തീരുമാനമുണ്ടാകുന്നതു വരെ ഈ പ്രദേശങ്ങളിലെ ഭൂമി വില്‍പ്പനയും നിര്‍മാണവും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.

മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച സമാന ഹര്‍ജിക്കൊപ്പം ഇത്‌ ബുധനാഴ്‌ച വീണ്ടും പരിഗണനക്കെടുക്കും. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തും വരെ ഭൂമിയിടപാടുകള്‍ അനുവദിക്കരുതെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. വ്യാജ പട്ടയങ്ങളേതൊക്കെയെന്ന്‌ വ്യക്തമാകും വരെ പ്രദേശത്ത്‌ ഭൂമി കൈമാറ്റം തടയണമെന്നും നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കരുതെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു‌.

വെബ്ദുനിയ വായിക്കുക