മുന്‍‌കൂര്‍ നികുതി: മാര്‍ട്ടിന്റെ നീക്കം നടക്കില്ലെന്ന് മുഖ്യമന്ത്രി

ഞായര്‍, 23 ജനുവരി 2011 (11:48 IST)
PRO
PRO
ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുന്‍കൂര്‍ നികുതി അടയ്ക്കാനുള്ള സാന്റിയാഗോ മാര്‍ട്ടിന്റെ നീക്കം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അന്യസംസ്ഥാന ലോട്ടറികളുടെ പ്രധാന ഏജന്റുമാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കരുതെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നികുതി വകുപ്പിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചിരുന്നത്. മുന്‍കൂര്‍ നികുതി അടക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ നികുതി മേഘ അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരു കാരണവശാലും അതു സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും നികുതി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയതായി അറിയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക പ്രതികരിച്ചിരുന്നത്. ഇക്കാര്യത്തില്‍ വാണിജ്യനികുതി വകുപ്പാണ്‌ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്താലല്ല തീരുമാനം എടുക്കേണ്ടതെന്നും ഉദ്യോഗസ്ഥരാണ്‌ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ ശനിയാഴ്ച മുന്‍കൂര്‍ നികുതിയുമായി എത്തിയ അന്യസംസ്ഥാന ലോട്ടറിയുടെ പ്രധാന ഏജന്‍റുമാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെ തിരിച്ചയച്ചിരുന്നു. പാലക്കാട് വാണിജ്യ നികുതി ഓഫീസിലായിരുന്നു ഇവര്‍ നികുതിയുമായി എത്തിയത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്.

ഫെബ്രുവരി ഏഴു മുതല്‍ 28 വരെയും മാര്‍ച്ച്‌ ഒന്നു മുതല്‍ 31 വരെയുള്ള നികുതി അടയ്ക്കാന്‍ മേഘ ശ്രമിച്ചതായാണ്‌ വിവരം. ഓര്‍ഡിനന്‍സിലെ നിരക്ക്‌ അനുസരിച്ചാണ്‌ മേഘ നികുതി അടയ്ക്കാന്‍ ശ്രമിച്ചത്‌. ഒരു നറുക്കെടുപ്പിന്‌ 25 ലക്ഷം വീതം ഈടാക്കാനാണ്‌ ഓര്‍ഡിനന്‍സ്‌ നിര്‍ദ്ദേശിക്കുന്നത്‌.

അതേസമയം, ലോട്ടറി കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച്‌ അസ്ഥിരപ്പെടുത്തിയതു ലോട്ടറി ഭേദഗതി ഓര്‍ഡിനന്‍സിലെ ചട്ടം ഉദ്ധരിച്ച വ്യവസ്ഥ മാത്രമാണ്‌. അതുകൊണ്ടു ലോട്ടറി ഓര്‍ഡിനന്‍സ്‌ അസ്ഥിരപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക