മുഖ്യമന്ത്രി കൂടുതല്‍ അപഹാസ്യനാകരുത്, രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സ്വയം തോന്നണം, ഞാനായിരുന്നെങ്കില്‍ പണ്ടേ രാജിവയ്ക്കുമായിരുന്നു: പി സി ജോര്‍ജ്
ചൊവ്വ, 23 ജൂലൈ 2013 (20:00 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മുമ്പില്‍ കൂടുതല്‍ പരിഹാസ്യനാകരുതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രിക്ക് സ്വയം തോന്നണമെന്നും താനായിരുന്നു എങ്കില്‍ പണ്ടേ രാജിവയ്ക്കുമായിരുന്നു എന്നും പി സി ജോര്‍ജ് പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന കോടതി പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞാല്‍ താന്‍ ജനവിരുദ്ധനാകുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഘടകകക്ഷികളെക്കൊണ്ട് രാജിയാവശ്യം ഉന്നയിപ്പിക്കുന്നത് ശരിയല്ല. ധാര്‍മ്മികത തോന്നേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും ഉമ്മന്‍ചാണ്ടിക്കുമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ കോടതി പരാമര്‍ശങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത് - പി സി ജോര്‍ജ് നിരീക്ഷിച്ചു.
സ്ത്രീ വിഷയമായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ രാജി വൈകുന്നതെന്നാണ് കരുതുന്നത്. കെ കരുണാകരന്‍ രണ്ട് തവണ രാജിവയ്ക്കേണ്ടിവന്നത് തെറ്റായിപ്പോയെന്ന കെ മുരളീധരന്‍റെ വാക്കുകളെ കുറ്റപ്പെടുത്താനാകില്ല. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തുടരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആഭ്യന്തരമന്ത്രിയുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്നും പി സി ജോര്‍ജ് പറയുന്നു.
45 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി ഇതുപോലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് രാജിവയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രശ്നം. അദ്ദേഹം രാജിവയ്ക്കണമെന്ന് ഘടകക്ഷികളെക്കൊണ്ട് ആവശ്യമുന്നയിക്കാന്‍ ഇടയാക്കുന്നത് ശരിയല്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കൈയൊഴിയുന്നത് ഘടകകക്ഷികള്‍ രാഷ്ട്രീയധാര്‍മ്മികതയായി കാണുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.