മുഖ്യമന്ത്രിയുടേ ഓഫീസില്‍ നിന്ന് തെളിവെടുക്കണം, വീഡിയോ പരിശോധിക്കണം, മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: വി എസ്

ശനി, 29 ജൂണ്‍ 2013 (16:15 IST)
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെനി ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവന്ന് തെളിവെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഭയന്നാണ് ഉമ്മന്‍‌ചാണ്ടി അധികാരത്തില്‍ തുടരുന്നതെന്നും വി എസ് ആരോപിച്ചു.

സോളാര്‍ തട്ടിപ്പ് അന്വേഷണം ടെനി ജോപ്പനില്‍ ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി എസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ആസ്ഥാനമായി മാറി. കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും വി എസ് ചൂണ്ടിക്കാട്ടി.

ജോപ്പന്‍റെ അറസ്റ്റോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനാണ് നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത്. ശാലു മേനോനെ കേസില്‍ പ്രതി ചേര്‍ക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണം. ഇതില്‍ ദുരൂഹതയുണ്ട്. ശാലുമേനോന്‍റെ വീട്ടില്‍ നടന്ന ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണാതായിട്ടുണ്ട്. മന്ത്രിമാര്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ തട്ടിപ്പുകളുടെ തെളിവുനശിപ്പിക്കുന്നതിന്‍റെ തിരക്കിലാണെന്നും വി എസ് ആരോപിച്ചു.

ടെനി ജോപ്പന്‍റെയും സലിം രാജിന്‍റെയും ജിക്കുമോന്‍റെയും സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക