മിസ് കോള്‍ വഴി പരിചയപ്പെട്ടു പീഡിപ്പിച്ചു

ശനി, 25 മെയ് 2013 (16:58 IST)
PRO
PRO
നിരന്തരം മിസ് കോള്‍ നല്‍കി പെണ്‍കുട്ടിയെ പരിചയപ്പെട്ട് സൌഹൃദം നടിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തതായി പരാതി. പരാതിയെ തുടര്‍ന്ന് യുവാവ് പൊലീസ് പിടിയിലായി.

പുനലൂരിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മിസ്ഡ് കോളുകള്‍ തുടരെ നല്‍കി പരിചയപ്പെട്ട് പിന്നീട് പീഡനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പട്ടാഴി സ്വദേശി മനു എന്നയാളാണ്‌ പൊലീസ് പിടിയിലായത്.

ആറു മാസങ്ങള്‍ക്ക് മുമ്പാണ്‌ മിസ്ഡ് കോളിലൂടെ യുവാവും പെണ്‍കുട്ടിയും പരിചയത്തിലായത്. ഇത്തരത്തില്‍ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനു മുമ്പായി തന്‍റെ പേരിലുള്ള ചില്ലറ കടങ്ങള്‍ വീട്ടുന്നതിനായി സഹായിക്കാനും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അതനുസരിച്ച് പെണ്‍കുട്ടി തന്‍റെ കമ്മല്‍ ഊരി യുവാവിനു നല്‍കിയിരുന്നു. എന്നാല്‍ ഇത് തികയില്ലെന്നും ഇനിയും പണം വേണ്ടി വരുമെന്നും യുവാവ് അറിയിച്ചത് അനുസരിച്ച് പെണ്‍കുട്ടി പിതൃസഹോദരന്‍റെ വീട്ടില്‍ നിന്ന് 6 പവന്‍ സ്വര്‍ണ്ണവും 1,30,000 ഓളം രൂപയും കൈക്കലാക്കി യുവാവിനു നല്‍കി.

ഇതിനിടയില്‍ വിവാഹ വാഗ്ദാനത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് പല തവണ പീഡിപ്പിച്ചിരുന്നു എന്നാണ്‌ പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ അടുത്തിടെ പണത്തിന്റെ ആവശ്യം വന്നപ്പോള്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ വീട്ടില്‍ നിന്ന് ആഭരണവും പണവും നഷ്ടപ്പെട്ട വിവരം പുറത്തായി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പീഡന വിവരം പൊലീസില്‍ അറിയിക്കുകയുമാണുണ്ടായത്.

വെബ്ദുനിയ വായിക്കുക