മികച്ച നടനുള്ള പുരസ്കാരം ലാലും പൃഥ്വിരാജും പങ്കിട്ടു!

വെള്ളി, 19 ഏപ്രില്‍ 2013 (12:34 IST)
PRO
PRO
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മാട്രിക്സ് മീഡിയ പേള്‍ ഫിലിം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഐക്കണ്‍ ഓഫ് ദ ഈയര്‍ പുരസ്കാരം നടന്‍ കമലഹാസനാണ്. അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍ അറിയിച്ചതാണിക്കാര്യം.

മികച്ച സംവിധായകനായി ലാല്‍ജോസിനെ (അയാളും ഞാനും തമ്മില്‍) തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ലാലിനും(ഒഴിമുറി) പൃഥ്വിരാജിനുമാണ്(അയാളും ഞാനും തമ്മില്‍). മികച്ച നടിക്കുള്ള പുരസ്കാരം മം‍മ്‍ത മോഹന്‍ദാസിന് (അരികെ) ലഭിച്ചപ്പോള്‍ മികച്ച ഹാസ്യ നടനായി ഓര്‍ഡിനറിയിലെ അഭിനയത്തിന്‌ ബിജുമേനോന്‍ തെരഞ്ഞെടുത്തു.

മികച്ച ചിത്രമായി മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി‘ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം സംവിധായകനും നിര്‍മ്മാതാവിനുമായി നല്‍കും. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലാണ്‌. 75000 രൂപയും ശില്‍പവുമാണ്‌ പുരസ്കാരമായി നല്‍കുന്നത്.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേയ് മൂന്നാം തീയതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഖത്തറിലെ മാട്രിക്സ് മീഡിയയുമായി സഹകരിച്ച് പേള്‍ അവാര്‍ഡ് 2013 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോയില്‍ വച്ച് ഈ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മധു, മമ്മൂട്ടി, യേശുദാസ് എന്നിവരെ ഈ ചടങ്ങില്‍ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക