മാവോയിസ്റ്റുകളുണ്ടോ കാട്ടില്‍? സ്ഥിരീകരിച്ചിട്ടില്ലെന്ന് മൈസൂര്‍ ഐജി!

വെള്ളി, 15 ഫെബ്രുവരി 2013 (18:58 IST)
PRO
PRO
മാവോയിസ്റ്റുകള്‍ക്കാ‍യി കേരള- കര്‍ണാടക പൊലീസ് തെരച്ചില്‍ തുടരുമ്പോള്‍ സത്യമെന്തെന്ന് അറിയാതെ വലയുകയാണ് ജനങ്ങള്‍. അതിര്‍ത്തി പ്രദേശത്ത് മാവോയിസ്റ്റുകളുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കര്‍ണാടകത്തിന്റെ വാദം.

മൂന്നാം ദിവസവും കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ പയ്യാവൂരില്‍ നിന്ന് വര്‍ഗീസ് ദിനമായ 18ന് സായുധവിപ്ലവത്തിന് ആഹ്വാനമുള്ള ലഘുലേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

പയ്യാവൂരിലും പരിസരത്തും സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. മാവോയിസ്‌ററുകള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ലഘുലേഖ വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ് കേരള പൊലീസ് പറയുന്നത്.

ഭൂമിയില്ലാത്തവര്‍ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. സര്‍ക്കാരിനെതിരെ സായുധ ആയുധമെടുത്ത് പോരാടാന്‍ ലഘുലേഖ ആഹ്വാനം ചെയ്യുന്നു. പശ്ചിമഘട്ടം സോണ്‍ കമ്മിറ്റി എന്ന പേരിലാണ് ലഘുലേഖ അച്ചടിച്ചിട്ടുള്ളത്. പയ്യാവൂരില്‍ നാട്ടുകാര്‍ ഇന്നലെ കണ്ടത് മാവോയിസ്റ്റുകളാണെന്നും പോലീസ് അറിയിച്ചു.
ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേരടങ്ങുന്ന സംഘമാണ് പയ്യാവൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് മൈസൂര്‍ ഐജി ഐജി രാമചന്ദ്ര റാവു വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ ഉണ്ടെന്നത് സംശയം മാത്രമാണെന്നും നാളെ മുതല്‍ കേരള കര്‍ണാടക പോലീസിന്റെ സംയുക്ത തെരച്ചില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക