മാര്‍ എപ്പിഫാനിയോസ്‌ കാലം ചെയ്തു

തിങ്കള്‍, 9 ഫെബ്രുവരി 2009 (12:34 IST)
ഓര്‍ത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ എപ്പിഫാനിയോസ്‌ കാലം ചെയ്തു. കഴിഞ്ഞ മൂന്നു മാസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ ഇന്നു രാവിലെ 11.15നായിരുന്നു അന്ത്യം. 81 വയസായിരുന്നു. കബറക്കം എപ്പോഴായിരിക്കണമെന്ന കാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് തീരുമാനമെടുക്കും.

1928 നവംബര്‍ 25ന് കൊല്ലം ചെങ്കുളം കൂത്തരഴികത്ത്‌ വീട്ടിലാണ് മാത്യൂസ്‌ മാര്‍ എപ്പിഫാനിയോസ്‌ എന്ന മത്തായി ജനിച്ചത്. തേവന്നൂര്‍ മലയാളം മീഡിയം സ്കൂള്‍, ചാത്തന്നൂര്‍ സെന്‍റ്‌ ജോര്‍ജ്‌ യു പി സ്കൂള്‍, ചാത്തന്നൂര്‍ എന്‍ എസ്‌ എസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പാളയംകോട്‌ സെന്‍റ്‌ ജോണ്‍സ്‌ യു പി സ്കൂളില്‍ നിന്ന്‌ ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന്‌ ഊര്‍ജതന്ത്രത്തില്‍ ബിരുദവും നേടിയ ഇദ്ദേഹം അധ്യാപക പഠനം പൂര്‍ത്തിയാക്കിയത് മാന്നാനം സെന്‍റ്‌ ജോസഫ്‌ കോളജില്‍ നിന്നാണ്.

ചാത്തന്നൂര്‍ എന്‍ എസ്‌ എസ്‌ ഹൈസ്കൂള്‍, ചെങ്കുളം യു പി സ്കൂള്‍, ചൊവ്വല്ലൂര്‍ സെന്‍റ്‌ ജോര്‍ജ്‌ യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

1957ലാണ് വൈദികവൃത്തിയില്‍ പ്രവേശിച്ചത്. പൂര്‍ണ സന്യാസ സ്ഥാനം 1978ല്‍ ഏറ്റുവാങ്ങി. 1982ല്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ റമ്പാനാകുകയും 1985ല്‍ മേല്‍പ്പട്ടക്കാരനായി അഭിഷിക്തനാകുകയും ചെയ്തു.

ഗീവര്‍ഗീസ്‌ മാര്‍ ദിയസ്കോറസ്‌ കാലം ചെയ്തപ്പോഴാണ് കൊല്ലം ഭദ്രാസനാധിപനായി ഇദ്ദേഹം ചുമതലയേറ്റത്‌.

വെബ്ദുനിയ വായിക്കുക