മാണിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

ബുധന്‍, 22 ഏപ്രില്‍ 2015 (08:30 IST)
ബാര്‍കോഴയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്ന അതേസമയത്ത് തന്നെ ജില്ല ഭരണകേന്ദ്രങ്ങളും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.
 
അതേസമയം, മന്ത്രിമാരെ തടയുന്നതിനായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ വി ശിവന്‍ കുട്ടി എം എല്‍ എയുടെ നേതൃത്വത്തില്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും വിജയിച്ചില്ല. കനത്ത പൊലീസ് സംരക്ഷണത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതിനായി കന്റോണ്‍മെന്റ് ഹൌസിലെത്തി.
 
ഇതിനിടയില്‍, ബേക്കറി ജംഗ്ഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമസഭയില്‍ വനിതാ സാമാജികരെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുക, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉപരോധത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

(ചിത്രത്തിനു കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്)

വെബ്ദുനിയ വായിക്കുക