മാക്ട സാംസ്കാരിക വേദിയുടെ പുതിയ ഭരണ സമിതിക്കെതിരെ വിനയന്‍ പക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നു. ജനറല്‍ബോഡി യോഗം വിളിച്ച് ചേര്‍ക്കുകയും വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കെതിരെയും കോടതിയലക്‍ഷ്യത്തിനും മാനനഷ്ടത്തിനും കേസ് നല്‍കാനാണ് തീരുമാനം.
മാക്ട സാംസ്കാരിക വേദിയുടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്നത് തടഞ്ഞ്‌കൊണ്ട് എറണാകുളം ജില്ലാ കോടതി നേത്തെ ഉത്തരവിട്ടിരുന്നു. മറ്റൊരു തീരുമാനം വരുന്നത് വരെ നിലവിലുള്ള ഭരണ സമിതി തുടരാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം 27ന് ഈ ഉത്തരവ് ജില്ലാകോടതി പുറപ്പെടുവിച്ചത്.
ജൂണ്‍ 25ന് തന്നെ ഭരണമേറ്റെടുത്ത പുതിയ സമിതി കോടതി ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അവകാശപ്പെടുന്നത്. കോടതി ഉത്തരവ് പ്രകാരം നേതൃത്വത്തില്‍ തുടരാന്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പുതിയ സമിതി ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തത്.
ഇതിനെതിരെയാണ് വിനയന്‍ പക്ഷം കോടതിയെ സമീപിക്കുന്നത്. സംവിധായകന്‍ ഹരികുമാര്‍ ചെയര്‍മാനായുള്ള പുതിയ ഭരണസമിതി വിനയനുള്‍പ്പെടുന്ന പഴയ നേതൃത്വം സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം ഭരണത്തില്‍ തുടരുന്ന തങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ 24 പേരെ പുറത്താക്കണമെന്നാണ് വിനയന്‍ പക്ഷം പറയുന്നത്.
ഐഫക് ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് ഇരുവിഭാഗത്തിന്‍റെയും നിലപാടുകള്‍. ഇതോടെ മാക്ടയിലെ തര്‍ക്കം ചൂടുപിടിക്കുകയാണ്.