തുഞ്ചന്‍പറമ്പിലെ മലയാള സാഹിത്യമ്യൂസിയം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ മ്യൂസിയം ഉദ്‌ഘാടനം ചെയ്യും.
ഒരു പ്രാദേശിക ഭാഷയ്‌ക്കായി ഇന്ത്യയിലൊരുങ്ങുന്ന അപൂര്‍വ മ്യൂസിയങ്ങളിലൊന്നാണിത്. എട്ടുവര്‍ഷംമുമ്പ് പ്രശസ്‌ത ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി തറക്കല്ലിട്ട സ്ഥാപനമാണിന്ന് പൂര്‍ണതയിലെത്തുന്നത്. ഒരുകോടി രൂപയാണ് നിര്‍മാണച്ചെലവ്. സാഹിത്യചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠനഗവേഷണ സൗകര്യങ്ങള്‍കൂടി ഒരുക്കുന്ന രീതിയിലാണ് മ്യൂസിയം രൂപകല്‌പന ചെയ്‌തിട്ടുള്ളത്.
വസ്‌തുക്കള്‍, ലിഖിതങ്ങള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍ എന്നിവ 64ഓളം പ്രതലങ്ങളില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും മറ്റു പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള സാമാന്യമായ അറിവുകള്‍ ലഭിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിനായി വിശാലമായ ഓഡിയോ വിഷന്‍ ഹാളും മ്യൂസിയത്തിന്‍റെ ഭാഗമായി ഉണ്ടാകും.
ഉദ്ഘാടന ചടങ്ങില്‍ തുഞ്ചന്‍സ്‌മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍നായര്‍ അധ്യക്ഷതവഹിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി മുഖ്യാതിഥിയായിരിക്കും. ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.കെ. വാര്യര്‍ അനുഗ്രഹപ്രഭാഷണം നടത്തും.