മലയാളി ഹൌസില്‍ നിന്നിറങ്ങിയാല്‍ സിന്ധു ജോയി എകെജി സെന്ററിലേക്ക്!
വെള്ളി, 9 ഓഗസ്റ്റ് 2013 (17:09 IST)
PRO
PRO
ഇനി മലയാളി ഹൌസില്‍ നിന്ന് ഇറങ്ങിയാല്‍ ‘പഴയ വിപ്ലവ വനിത’ സിന്ധു ജോയി എകെജി സെന്റിലേക്കെത്തുമെന്ന് സൂചന. താന്‍ സിപിഎമ്മിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നതായി സിന്ധു ജോയി തന്നെയാണ് വെളിപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് പുറത്തുപോന്നത് മണ്ടത്തരമായിപ്പോയെന്ന് നേരത്തെ സിന്ധു മലയാളി ഹൌസില്‍ പറഞ്ഞിരുന്നു.
ഷോ തീര്‍ന്നാല്‍ വീണ്ടും രാഷ്ടീയത്തില്‍ ഇറങ്ങുമോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് സിന്ധു സിപിഎമ്മിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കിയത്. സിപിഎമ്മിനൊപ്പം ഇനി ഒരുപാട് ദൂരം പ്രവര്‍ത്തിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സിന്ധു ജോയി പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റു നല്കാത്തതില്‍ തുടങ്ങിയതായിരുന്നു സി പി എമ്മും സിന്ധു ജോയിയും തമ്മിലുള്ള അകല്‍ച്ച. സിന്ധു ജോയിക്ക് സീറ്റു നല്കാതെ കെ എന്‍ ബാലഗോപാലിനും ടി എന്‍ സീമയ്ക്കുമായിരുന്നു അന്ന് സി പി എം രാജ്യസഭ സീറ്റു നല്കിയത്.
സി പി എം വിട്ട സിന്ധു നേരെ എത്തിയത് കോണ്‍ഗ്രസ് പാളയത്തിലേക്കാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു സിന്ധു ജോയിയുടെ കോണ്‍ഗ്രസ് പ്രവേശം. എന്തായാലും ഇനി സിന്ധുവിനെ തിരിച്ച് സിപിഎമ്മിലെടുക്കുമോയെന്ന് കണ്ടറിയണം.