മലയാളി വിദ്യാര്‍ഥിയെ തിളച്ച കഞ്ഞിവെള്ളത്തില്‍ മുക്കി
തിങ്കള്‍, 21 ജനുവരി 2013 (14:35 IST)
PRO
PRO
കര്‍ണാടകയിലെ തുംകൂറില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരപീഡനം. വയനാട് വെള്ളമുണ്ട സ്വദേശിയായ മുഹമ്മദ് റാഫി എന്ന വിദ്യാര്‍ഥിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിന് ഇരയായത്. മുഹമ്മദ് റാഫിയെ മര്‍ദ്ദിച്ച് അവശനാക്കി തല തിളച്ച് കഞ്ഞിവെള്ളത്തില്‍ മുക്കിയെന്നാണ് ആരോപണം.
തുംകൂറിലെ ശ്രീസിദ്ധാര്‍ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിലെ ഒന്നാംവര്‍ഷ ബി ബി എം വിദ്യാര്‍ഥിയാണ് മുഹമ്മദ്‌റാഫി. റാഗിംഗിനെത്തുടര്‍ന്ന് കഴുത്തിനും ഇടതുചെവിക്കും സാരമായി പൊള്ളലേറ്റ മുഹമ്മദ് റാഫി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മലയാളികള്‍ അടങ്ങുന്ന സംഘമാണ് തന്നെ ഉപദ്രവിച്ചതെന്ന് മുഹമ്മദ് റാഫി പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികളായ ബാലുശേരി സ്വദേശി അഖിലേഷ്, പേരാമ്പ്ര സ്വദേശി റിജിന്‍ലാല്‍ എന്നിവരാണ് തന്നെ ഉപദ്രവിച്ചതെന്ന് മുഹമ്മദ് റാഫി പറഞ്ഞു. സംഭവം നടന്നിട്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണം ഉണ്ട്.
സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനാണ് ഉപദ്രവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ റാഫി താമസിക്കുന്ന മുറിയിലെത്തിയാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്.