മലബാറിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവിയില്ല; ആനുകൂല്യവും ശമ്പളവും നല്‍കും!

ബുധന്‍, 27 ഫെബ്രുവരി 2013 (18:28 IST)
PRO
PRO
മലബാറിലെ 33 സ്‌ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. എന്നാല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടവും കേരള സര്‍വ്വീസ് റൂള്‍ പ്രകാരവും അര്‍ഹമായ ആനുകൂല്യങ്ങളും ശമ്പളവും നല്‍കും.

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം മലബാറില്‍ ആരംഭിച്ച 33 സ്‌ക്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. കഴിഞ്ഞ ജൂണ്‍ മാസം മുതലുള്ള മുന്‍കാല പ്രാബല്യവും നല്‍കും.

നേരത്തെ മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് മുസ്ലീം ലീഗ് ആവശ്യം ഉയര്‍ത്തിയിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം നല്‍കി സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്ന് ജനുവരി ആദ്യവാരത്തിലെ മന്ത്രിസഭായോഗത്തിലും ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശത്തിനെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് തീരുമാനമെടുക്കുന്നത് മാറ്റിവച്ചു.

യു.ഡി.എഫ് യോഗത്തിന് ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്ന തീരുമാനത്തെത്തുടര്‍ന്നാണ് വിവാദം ശമിച്ചത്. ഇതെ തുടര്‍ന്നാണ് പുതിയ തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക