നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ ഹര്‍ജി. ബത്തേരിയിലെ കെ പി ജീവനാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജിനല്‍കിയത്.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും. മന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറെയും ജയലക്ഷ്മി പഠിച്ച മാനന്തവാടി ഗവ. കോളേജിലെ പ്രിന്‍സിപ്പലിനെയും ഹര്‍ജിയില്‍ സാക്ഷികളാക്കിയിട്ടുണ്ട്.