മന്ത്രിക്ക് പിരിച്ചുവിടാനുള്ളതല്ല ദേവസ്വം ബോര്‍ഡ്

ശനി, 19 ജനുവരി 2008 (17:19 IST)
ദേവസ്വം മന്ത്രിക്ക് തോന്നും പോലെ പിരിച്ചു വിടാനുളളതല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് ബോര്‍ഡംഗം പി.കെ. സുമതിക്കുട്ടിയമ്മ പറഞ്ഞു.

മന്ത്രിക്ക്‌ നേരിട്ടു ഭരിക്കാനായിരുന്നെങ്കില്‍ ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുമതിക്കുട്ടിയമ്മ. തനിക്കെതിരെ ഏത് തരത്തിലുള്ള അന്വേഷണം വന്നാലും അതിനെ നേരിടാന്‍ തയാറാണ്.

പൂജാരിമാരുടെ കൈയ്യില്‍ നിന്നൊന്നും താന്‍ പണം വാങ്ങിയിട്ടില്ല. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം 22ന്‌ ചേരുന്ന ബോര്‍ഡ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തിലുളള അതൃപ്‌തി മന്ത്രിയെ അറിയിക്കുകയും ചെയ്യും. പരിപാവനമായ സ്ഥലത്ത്‌ പൂജാരിമാരെ അധിക്ഷേപിച്ച പൊലീസ്‌ ഉദ്യോഗസ്ഥനെ വെറുതേ വിടില്ല.

ശബരിമലയില്‍ എസ്‌.ഐയെ മാത്രമല്ല വിജിലന്‍സ്‌ എസ്.പിയെ നിയമിച്ചതുപോലും ബോര്‍ഡ്‌ അറിയാതെയാണ്‌. ഇത് നിയമവിരുദ്ധമാണ്. ചരട്‌ പ്രശ്നത്തില്‍ പൂജാരിമാരുടെ കൈപിടിച്ചു തിരിച്ചാണ്‌ എസ്‌.ഐ പരാതി എഴുതി വാങ്ങിയത്‌. പിന്നെയത്‌ മന്ത്രിക്ക്‌ ഫാക്സ്‌ ചെയ്‌തു. ഇതെല്ലാം ചട്ടലംഘനമാണ്‌.

ബോര്‍ഡംഗങ്ങളെ നോക്കു കുത്തിയാക്കുകയാണ്‌. ദേവസ്വം ബോര്‍ഡ്‌ പിരിച്ചുവിടുമെന്ന്‌ ഭയക്കുന്നില്ല. മന്ത്രിയ്ക്ക്‌ തോന്നും പോലെ പിരിച്ചു വിടാനുളളതല്ല ബോര്‍ഡ്‌. ഘടകകക്ഷികള്‍ കൂടി വിചാരിക്കണം. ദേവസ്വം മന്ത്രിയെ നിയന്ത്രിക്കുന്നത്‌ മറ്റു ചിലരാണ്‌. അതാരെന്ന്‌ പിന്നാലെ തെളിയും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആര്‍.എസ്‌.പി. നോമിനിയാണ് സുമതിക്കുട്ടിയമ്മ.

വെബ്ദുനിയ വായിക്കുക