മന്ത്രവാദം കഴിഞ്ഞ് മടങ്ങിയ സംഘം വിഗ്രഹങ്ങളുമായി പിടിയില്‍
ചൊവ്വ, 6 ഓഗസ്റ്റ് 2013 (10:22 IST)
PRO
മഞ്ചേശ്വരത്ത് മന്ത്രവാദം കഴിഞ്ഞ് വിഗ്രഹങ്ങളുമായി മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടിയിലായി. മലപ്പുറം വറ്റല്ലൂര്‍ അബ്ദുള്‍ റഷീദ്(37), വെങ്ങാട് ഇ കെ ഷുഹൈബ്(22), പി പി അനീഷ്(23) എന്നിവരാണ് പിടിയിലായത്. ഓട് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങളും വിളക്കുകളും ഇവരില്‍നിന്നും പിടിച്ചെടുത്തു.
ഹൈവേ പൊലീസാണ് തളിപ്പറമ്പ് കുപ്പത്ത് നടത്തിയ വാഹനപരിശോധനയില്‍ ഡിക്കിയില്‍ പൊതിഞ്ഞു വച്ച ശിവന്‍, വിഷ്ണു, ദുര്‍ഗ എന്നിവയുടെ വിഗ്രഹങ്ങളും ഒന്നര അടിയോളം നീളമുള്ള വിളക്കുകളും കണ്ടെത്തിയത്. മഞ്ചേശ്വരത്ത് ഒരു സ്ത്രീയുടെ ദേഹത്തുനിന്നും ബാധയൊഴിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.
തൃശൂരില്‍നിന്നും വാങ്ങിയ ഓട്ടുവിഗ്രഹങ്ങള്‍ വീട്ടുകാരുടെ പറമ്പില്‍ നേരത്തെ സ്ഥാപിച്ച് ബാധയെ ആവാഹിച്ച ശേഷം കുഴിച്ചെടുത്തതാണെന്നാണ് അബ്ദുള്‍ റഷീദ് പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ കോട്ടയത്തും മറ്റും സമാന കേസുകള്‍ ഉള്ളതായി ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍, എ എസ് ഐ എ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.