റോഡ് സുരക്ഷാ പ്രചാരണമെന്ന പേരില്‍ മലയാള മനോരമയ്ക്ക് അരക്കോടി നല്‍കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരാണെത്രെ മനോരമയ്ക്ക് പണം അനുവദിപ്പിക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നതെത്രെ. ചൊവ്വാഴ്ചത്തെ ദേശാഭിമാനിയിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് 185 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലിനുമായി പ്രത്യേക പാക്കേജ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പത്രപ്പരസ്യങ്ങള്‍ക്ക് മൊത്തം 68.62 ലക്ഷം രൂപയാണ് പദ്ധതിയില്‍. ഇതില്‍ 17.94 ലക്ഷം രൂപയും മനോരമയ്ക്കാണ്. ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് മനോരമയ്ക്ക് 10 ലക്ഷം രൂപയും വനിതയിലും മനോരമ ആഴ്ചപതിപ്പിലും പരസ്യം നല്‍കാന്‍ 9 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മനോരമയുടെ എഫ്‌എം ചാനലായ റേഡിയോ മാംഗോയ്ക്ക് നാലുലക്ഷം രൂപയുണ്ട്. മനോരമയുടെ 'വഴിക്കണ്ണ്' പരിപാടി പുഷ്ടിപ്പെടുത്താന്‍ 7.65 ലക്ഷവും എസ്‌എംഎസ് ക്വിസിന് മറ്റൊരു അഞ്ച് ലക്ഷവുമുണ്ട്” - ദേശാഭിമാനി എഴുതുന്നു.
റോഡ് സെസ് ഇനത്തിലും മറ്റുമായി പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ചെലവിടുന്നത്. അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ മനോരമയ്ക്ക് അനുകൂലമായി നിലകൊള്ളുന്നതിനാല്‍ പദ്ധതിയുടെ മൂന്നിലൊരുഭാഗവും മനോരമയ്ക്ക് ലഭിക്കുന്നുവെന്നാണ് ദേശാഭിമാനി ആരോപിക്കുന്നത്.
പത്രമാധ്യമങ്ങളുടെ പ്രചാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യത്തിന്റെ അളവ് തീരുമാനിക്കേണ്ടതെന്ന് പദ്ധതിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റ് പത്രമാധ്യമങ്ങള്‍ക്ക് നാമമാത്രമായ പരസ്യമാണ് ലഭിക്കുന്നതെന്നും അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യത്തിനാല്‍ മനോരമയെ പരിപാടിയുടെ ഔദ്യോഗിക നടത്തിപ്പു പങ്കാളിയാക്കിയെന്നും ദേശാഭിമാനി ആരോപിക്കുന്നു.
അതോറിറ്റിയുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച ചേരുമെന്നും ഇതില്‍ ഡിജിപി, ഗതാഗത സെക്രട്ടറി, ഗതാഗത കമീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ദേശാഭിമാനി പറയുന്നുണ്ട്.
സിപിഎം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലാണ് ഉദ്യോഗസ്ഥരുടെ പക്ഷപാതത്തെ പറ്റി വാര്‍ത്ത വന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ ഭരിക്കാന്‍ സര്‍ക്കാരിന് കെല്‍പ്പില്ല എന്ന രീതിയിലുള്ള ഈ വാര്‍ത്ത സിപിഎം മുഖപത്രത്തില്‍ തന്നെ വന്നത് പാര്‍ട്ടി അണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.