മദ്യനയം പൊളിച്ചെഴുതി പുതിയത് കൊണ്ടുവരും, എതിർപ്പുകൾ കാര്യമാക്കുന്നില്ല: ടി പി രാമകൃഷ്ണൻ

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (10:22 IST)
നിലവിലുള്ള മദ്യ നയം പൊളിച്ചെഴുതുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ചില അലോചനകളും നടപടികളും തീരുമാനങ്ങളും പൂർത്തിയായി കഴിഞ്ഞാൽ മദ്യനയം പൊളിച്ചെഴുതി പുതിയ നയം കൊണ്ടുവരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി.
 
എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്നും പ്രായോഗിക സമീപനം മാത്രമാണ് സര്‍ക്കാര്‍ പരിഗണിക്കുകയെന്നും മന്ത്രി അറിയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാകുമെന്നും യുഡിഎഫിന്റെ മദ്യ നയം ടൂറിസം മേഖലയെ ബാധിച്ചുവെന്ന ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
 
അതേസമയം, മദ്യ നിരോധന നയം അട്ടിമറിച്ചാൽ സർക്കാരിനെതിരെ സമരം നടത്തുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മദ്യം ഒഴുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക