മദ്യ ഉപയോഗവും മദ്യ ലഭ്യതയും ക്രമേണ കുറയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളും സര്‍വീസ് സംഘടനകളും ആദ്ധ്യാത്മികസംഘടനകളും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും സര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ പ്രസ്ഥാനം രൂപം കൊള്ളണമെന്നും സുധീരന്‍ കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു തദ്ദേശസ്ഥാപനവും മേലില്‍ ഒരു വിധത്തിലുള്ള മദ്യവില്‍പ്പനയ്ക്കും അനുമതി നല്‍കരുത്. ഗ്രാമസഭ വാര്‍ഡ് കൗണ്‍സില്‍ തലം മുതല്‍ പ്രചാരണ - ബോധവത്കരണ പരിപാടികള്‍ തുടങ്ങണം. തുടര്‍ന്ന് പഞ്ചായത്ത്, നഗരസഭാ തലത്തിലും ഏകോപിപ്പിക്കണം. പാര്‍ട്ടിയുടെ മണ്ഡലം, ബ്ലോക്ക്, ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തിലും പദ്ധതികള്‍ നടപ്പാക്കണം. ഗൃഹസന്ദര്‍ശനം, കുടുംബസദസുകള്‍, സ്റ്റഡിക്ലാസുകള്‍, ക്യാമ്പുകള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തണം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ ഈ പരിപാടിയുമായി ബന്ധിപ്പിക്കണം.
മദ്യാസക്തിയും മദ്യ ഉപയോഗവും എത്രത്തോളം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് സംബന്ധിച്ച് മൂന്ന് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് തയാറാക്കണം. ലഹരി ഉപയോഗിക്കുന്നവരുടെ ചികിത്സ, പുനരധിവാസം എന്നീ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണം.
യുഡിഎഫ് പ്രകടനപത്രികയില്‍ തന്നെ മദ്യമാഫിയകളെ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മദ്യവിമുക്ത കേരളമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളം മദ്യ ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി. വിദ്യാര്‍ഥികളിലും മദ്യാസക്തി വര്‍ധിക്കുന്നു. ചടങ്ങുകള്‍, സല്‍ക്കാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് മദ്യം വിളമ്പുന്ന രീതി നിരുത്സാഹപ്പെടുത്തണം. ജനപ്രതിനിധികള്‍ പൂര്‍ണമായും ഈ വിപത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് മാതൃക കാണിക്കണം.