മദനി വ്യാഴാഴ്ച തിരുവനന്തപുരത്ത്

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി വ്യാഴാ‍ഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തും. പാര്‍ട്ടി നേതാവായ പുന്തുറ സിറാജ് അറിയിച്ചതാണിത്.

കോയമ്പത്തൂരില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ്‌ അദ്ദേഹമെത്തുന്നത്‌.കുടുംബസമേതം തിരവനന്തപുരത്ത്‌ എത്തുന്ന മദനി വിമാനത്താവളത്തില്‍ പത്രസമ്മേളനം നടത്തും.

പിന്നീട്‌ ശംഖുംമുഖം കടപ്പുറത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അനാരോഗ്യം മൂലം ലഘു പ്രസംഗമായിരിക്കും അദ്ദേഹം നടത്തുക എന്നും സിറാജ്‌ അറിയിച്ചു.

തുടര്‍ന്ന്‌ ചികിത്സയ്ക്കായി തലസ്ഥാനത്തെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ കിംസിലേക്ക്‌ കൊണ്ട്‌ പോകും. അംഗവൈകല്യം സംഭവിച്ച മദനിക്ക്‌ നീണ്ട ജയില്‍ വാസത്തിനിടെ ഏറെ ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌.

കൊല്ലം സെക്ഷന്‍സ്‌ കോടതിയില്‍ മദനിക്ക്‌ എതിരെയുള്ള കേസില്‍ ജാമ്യം തേടി പി ഡി പി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. മദനിയുടെ പ്രസംഗത്തെ തുടര്‍ന്ന്‌ പി ഡി പി പ്രവര്‍ത്തകര്‍ അക്രമാസക്തരായി എന്നാണ്‌ 1992ല്‍ ഓച്ചിറ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇപ്രകാരമുള്ള ഇരുപതിലേറെ കേസുകള്‍ അദ്ദേഹത്തിനെതിരെ വിവിധ കോടതികളിലുണ്ട്‌. എന്നാല്‍ ഈ കേസില്‍ മാത്രമാണ്‌ മദനിക്ക്‌ ജാമ്യം ലഭിച്ചില്ലാത്തത്‌. കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ഈ കേസില്‍ കൂടി മദനിക്ക്‌ ജാമ്യം ലഭിച്ചാല്‍ അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള യാത്ര സുഗമമാകും.

വെബ്ദുനിയ വായിക്കുക