മദനി പ്രതി തന്നെ: ബാംഗ്ലൂര്‍ പൊലീസ്

ശനി, 12 ജൂണ്‍ 2010 (16:38 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതി തന്നെയെന്ന് ബാംഗ്ലൂര്‍ പൊലീസ്. കേസിന്‍റെ തുടര്‍ കുറ്റപത്രത്തില്‍ മദനിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. തുടര്‍ കുറ്റപത്രത്തില്‍ ആറു പേരെക്കൂടിയാണ് പ്രതിയാക്കിയിട്ടുള്ളത്. ഇതില്‍ നാലു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ബാംഗ്ലൂര്‍ പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ മദനിയെ പ്രതിയാക്കിയ കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് കേരള പൊലീസ് പ്രതികരിച്ചു.

മദനിയെ പ്രതിയാക്കിയെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യ സൂഫിയ മദനിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. അഞ്ച് മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമാണ് തുടര്‍ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മൊത്തം 32 പ്രതികളാണുള്ളത്. ഇതില്‍ 20 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇടക്കാല കുറ്റപത്രത്തില്‍ തന്‍റെ പേരും ഉണ്ടായിരുന്നതായി മദനി സ്ഥിരീകരണം നല്‍കി. സംശയിക്കപ്പെടുന്നവരുടെ പട്ടികയിലാണ് തന്‍റെ പേര്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് മദനി പറഞ്ഞു.

മദനിയെ പ്രതിപ്പട്ടികയില്‍ പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്ന് പി ഡി പി പ്രതികരിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

വെബ്ദുനിയ വായിക്കുക