മദനിയുടെ വാറന്‍റ് കാലാവധി നീട്ടി

ചൊവ്വ, 6 ജൂലൈ 2010 (14:44 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ 31ാം പ്രതിയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് എതിരെയുള്ള ജാമ്യമില്ലാ വാറണ്ടിന്‍റെ കാലാവധി നീട്ടി. ജാമ്യമില്ലാ വാറണ്ടിന്‍റെ കാലാവധി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതി ഈ മാസം 20 വരെ നീട്ടി.

മദനിയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പൊലീസിന്‍റെ അഭ്യര്‍ത്ഥനയെ കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15ന് ആയിരുന്നു മദനിക്കെതിരെ ജാമ്യമില്ലാ അറസു വാറണ്ട് പുറപ്പെടുവിച്ചത്.

മദനി മൂന്‍കൂര്‍ ജാമ്യം തേടി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 20ലേക്ക് മാറ്റിയത്. അതേസമയം, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രേഖകള്‍ ഹാജരാക്കാന്‍ മദനിയുടെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെയ്ക്കുകയായിരുന്നു. ബാംഗ്ലൂര്‍ അതിവേഗ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഗൂഡാലോചന നടത്താന്‍ മദനി കുടകിലെ ക്യാമ്പില്‍ പോയെന്ന വാദം തള്ളിക്കളയണമെന്ന് മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, മദനി കേരളത്തിനു പുറത്ത് ഗൂഡാലോചന നടത്തിയെന്ന വാദം തള്ളിക്കളയാനുള്ള രേഖകള്‍ ഹാജരാക്കണമെന്ന് കോടതി മദനിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ മദനിയുടെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക