മദനിയുടെ ജാമ്യാപേക്ഷ ജൂലൈ ഏഴിന്

ചൊവ്വ, 29 ജൂണ്‍ 2010 (11:51 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ 31‍ാം പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി. രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.

ബാംഗ്ലൂര്‍ അതിവേഗ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റിയത്. ജൂലൈ ആറിന് മദനിക്കെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റു വാറണ്ടിന്‍റെ കാലാവധി തീരും.

ഗൂഡാലോചന നടത്താന്‍ മദനി കുടകിലെ ക്യാമ്പില്‍ പോയെന്ന വാദം തള്ളിക്കളയണമെന്ന് മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്, മദനി കേരളത്തിനു പുറത്ത് ഗൂഡാലോചന നടത്തിയെന്ന വാദം തള്ളിക്കളയാനുള്ള രേഖകള്‍ ഹാജരാക്കണമെന്ന് കോടതി മദനിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

യാത്രയുടെ വിശദാംശങ്ങളെല്ലാം സംസ്ഥാന പൊലീസിന്‍റെ അറിവോടെയാണെന്ന് മദനിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ബാംഗ്ലൂര്‍ അതിവേഗ കോടതി ജഡ്ജി ശ്രീകാന്ത്‌ വടവട്ടിയാണ്‌ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക