ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ 31ാം പ്രതിയായ പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തുടര്‍വാദം. ബാംഗ്ലൂര്‍ അതിവേഗ കോടതിയിലാണ് തുടര്‍വാദം നടക്കുക. അതിവേഗ കോടതി ജഡ്ജി ശ്രീകാന്ത് വടവട്ടിയാണ് അപേക്ഷ പരിഗണിക്കുക.
ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലം പ്രോസിക്യൂഷന് കഴിഞ്ഞ ആഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനിടെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് സൂഫിയാ മദനി കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ കഴിഞ്ഞദിവസം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കും. കൊല്ലം അന്‍വാര്‍ശ്ശേരിയിലുള്ള മദനിയേയും മറ്റ് ബന്ധുക്കളേയും കാണാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം.
ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച സൂഫിയ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. ജാമ്യ ഇളവിനുളള കാരണങ്ങള്‍ വ്യക്തമല്ല എന്ന് കാണിച്ചായിരുന്നു ഹര്‍ജി തള്ളിയത്.