മദനിയുടെ ചാനല്‍ മറിച്ചുവില്‍‌ക്കുന്നു

ബുധന്‍, 20 ഒക്‌ടോബര്‍ 2010 (12:51 IST)
PRO
പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി ആരംഭിക്കാനിരുന്ന ‘മാതൃരാജ്യം’ ചാനലും അനുബന്ധപത്രവും വില്‍‌പനയ്ക്ക്. ചാനലും പത്രമടക്കമുള്ള മറ്റ് മാധ്യമ സ്ഥാപനങ്ങളും ആരംഭിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച മാതൃരാജ്യം ബ്രോഡ്‌കാസ്റ്റിംഗ്‌ ആന്‍ഡ്‌ മീഡിയ ലിമിറ്റഡ്‌ കമ്പനിയാണ് വില്‍‌ക്കുന്നത്. മദനി ജയിലില്‍ ആയതിനാലാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. കോടീശ്വരന്മാരായ പ്രവാസി മലയാളികളാണ് ഈ ചാനല്‍ വാങ്ങുന്നത്.

മാതൃരാജ്യം മീഡിയാ ലിമിറ്റഡ്‌ എന്ന പേരില്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി തിരുവനന്തപുരം ആസ്ഥാനമായാണ് രൂപം‌കൊണ്ടത്. ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ ചേരുകയും ചെയ്തു കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചായിരിക്കും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്നായിരുന്നു മദനി പറഞ്ഞിരുന്നത്. മുസ്‌ലിം മാധ്യമ സ്ഥാപനമല്ല ലക്‌ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍‌കിയാണ് ചാനല്‍ പ്രവര്‍ത്തിക്കുക എന്നുമാണ് മദനി വെളിപ്പെടുത്തിയിരുന്നത്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ് ചാനലായ രാജ്‌ ടിവിയുടെ മലയാളം എഡിഷന്‍ തുടങ്ങുന്നതിനാണ്‌ മാതൃരാജ്യം കമ്പനിക്ക്‌ ലൈസന്‍സ്‌ ലഭിച്ചത്‌. കഴിഞ്ഞ ആഗസ്റ്റ്‌ ഒന്നിനു തുടങ്ങാനുള്ള ശ്രമത്തിനിടെയാണ്‌ മദനി ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടത്. തുടര്‍ന്ന് ജയിലിലുമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയില്ലെ എന്ന് ഉറപ്പായതോടെയാണ്‌ മറിച്ചു വില്‍ക്കുന്നത്‌. ചാനലിന് പണം മുടക്കാന്‍ തയ്യാറായ പലരും മദനി ജയിലില്‍ ആയതിനാല്‍ പിന്നോട്ടു പോയതും ഇതിനു കാരണമായി.

കമ്പനിയുടെയും ചാനലിനന്റെയും നിലവിലെ ഡയക്‌ടര്‍മര്‍ മുഴുവന്‍ രാജിവച്ചാല്‍ ഏറ്റെടുക്കാമെന്ന വാഗ്‌ദാനവുയാണ്‌ പ്രവാസി മലയാളികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ചാനല്‍ മാത്രം വിറ്റാല്‍ മതിയെന്നും മാതൃരാജ്യം ബ്രോഡ്‌കാസ്റ്റിംഗ്‌ ആന്‍ഡ്‌ മീഡിയ ലിമിറ്റഡ് കമ്പനി ഇതോടൊപ്പം വില്‍‌ക്കരുതെന്നും ഡയറക്‌ടര്‍ ബോര്‍ഡിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നതായി അറിയുന്നു. ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാസാഹിബാണ് ചാനലിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍‍.

മദനിയെയും ഭാര്യ സൂഫിയ മഅദനിയെയും മാദ്ധ്യമങ്ങള്‍ വേട്ടയാടിയപ്പോഴാണ്‌ സ്വന്തമായി ഒരു ചാനല്‍ എന്ന ആശയം രൂപപ്പെട്ടത്‌. മുസ്‌ലിം റിവ്യൂ എന്ന പേരിലും പിന്നീട്‌ നാഷണല്‍ റിവ്യൂ എന്ന പേരിലും പിഡിപി നേരിട്ട്‌ മാസിക നടത്തിയിരുന്നു. മുസ്‌ലിം ലീഗ്‌, സുന്നികളില്‍ ഒരു വിഭാഗം, വെള്ളാപ്പള്ളി നടേശന്‍, കേരള കൗമുദി, മാതൃഭൂമി തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചാനലുകളുടെ പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലാണ്‌. അതിനിടയിലായിരുന്നു മാതൃരാജ്യവുമായി മദനിയുടെ രംഗപ്രവേശം. കെ മുരളീധരന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ജനപ്രിയ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക