ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കോടതി ഉത്തരവിനെത്തുടര്‍ന്ന് ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മദനി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മദനിയെ ആശുപത്രി മാറ്റിയത്.
അദ്ദേഹത്തെ എംആര്‍ഐ സ്കാനിംഗിന് വിധേയമാക്കിയതായും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിനായാണ് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മദനിയെ വിചാരണക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ലേസര്‍ ചികിത്സ ആരംഭിക്കാനിരിക്കെയാണ് മദനിയുടെ ആരോഗ്യനില മോശമായത്.