മണിയെ കാണാനെത്തിയത് സിനിമാക്കാര്യം ചര്‍ച്ച ചെയ്യാന്‍, മണിക്ക് ശത്രുക്കള്‍ ആരുമില്ല, ഞാന്‍ ആരെയും സംശയിക്കുന്നില്ല, മണി ആത്മഹത്യ ചെയ്യില്ല: ജാഫര്‍ ഇടുക്കി

തിങ്കള്‍, 7 മാര്‍ച്ച് 2016 (21:19 IST)
താന്‍ കലാഭവന്‍ മണിയെ കാണുന്നത് അദ്ദേഹം ആശുപത്രിയില്‍ ആകുന്നതിന്‍റെ തലേദിവസമായിരുന്നു എന്ന് നടന്‍ ജാഫര്‍ ഇടുക്കി. ഒരു സിനിമയുടെ കാര്യം സംസാരിക്കാനായിരുന്നു താന്‍ അവിടെ പോയതെന്നും മണിയുടെ ഒരുപാട് സുഹൃത്തുക്കള്‍ ആ സമയം അവിടെയുണ്ടായിരുന്നു എന്നും ജാഫര്‍ പറയുന്നു.
 
മണി പൂര്‍ണ ആരോഗ്യവാനായിരുന്നു എന്നും അദ്ദേഹത്തോട് ആര്‍ക്കെങ്കിലും വൈരാഗ്യമുള്ളതായി അറിയില്ലെന്നും കൈരളി പീപ്പിള്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി വ്യക്തമാക്കി.
 
മണിക്ക് ശത്രുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തിന് കരള്‍ രോഗം ഉണ്ടായിരുന്നെങ്കില്‍, കരള്‍ മാറ്റിവയ്ക്കാനും മറ്റും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കലാഭവന്‍ മണിയെ ആരെങ്കിലും അപായപ്പെടുത്തിയെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ പറഞ്ഞു. 
 
വെള്ളിയാഴ്ച രാത്രി ഏഴുമണി മുതല്‍ 11 മണി വരെ ജാഫര്‍ ഇടുക്കി കലാഭവന്‍ മണിക്കൊപ്പം മണിയുടെ ഔട്ട് ഹൌസില്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് മണി ബിയര്‍ കഴിച്ചിരുന്നു എന്നും മറ്റ് ലഹരിവസ്തുക്കള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പിറ്റേദിവസമാണ് മണി ആശുപത്രിയിലായത് അറിയുന്നതെന്നും ജാഫര്‍ പറയുന്നു.
 
മണിയുടെ കുടുംബം സ്വര്‍ഗത്തിന് തുല്യമായിരുന്നു എന്നും കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജാഫര്‍ ഇടുക്കി പറയുന്നു. മണിയുടെ മരണം ഒരു സാധാരണ മരണമായിരിക്കട്ടെ എന്നും ജാഫര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക