മഠത്തില്‍ രഘു കീഴടങ്ങി

ചൊവ്വ, 24 ഫെബ്രുവരി 2009 (13:39 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ മഠത്തില്‍ രഘു തിരുവനന്തപുരം സി ജെ എം കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കേസില്‍ രണ്ടാം പ്രതിയായ മഠത്തില്‍ രഘു കീഴടങ്ങിയത്.

അഭിഭാഷകനൊപ്പം ഇന്നു രാവിലെയാണ് കീഴടങ്ങുന്നതിനായി തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ രഘു എത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന രഘു 26നകം കീഴടങ്ങണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഈ മാസം ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സുഹൃത്തും വിദേശിയുമായ അഹമ്മദ് മുഹമ്മദ് അല്‍ജലാലിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മഠത്തില്‍ രഘു സുരക്ഷ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രണ്ട് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഇന്‍സ്‌പെക്‌ടര്‍ സുബ്രതോ ചാറ്റര്‍ജിയെ മര്‍ദ്ദിച്ചെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഇയാള്‍ മജിസ്ട്രേറ്റിനു മുമ്പില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു‌. പക്ഷേ, മൂന്നു മണിയോടെ രഘു ജില്ലാ ക്രൈംബ്രാഞ്ച്‌ റിക്കോര്‍ഡ്സ്‌ ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷറഫുദ്ദീനു മുന്നില്‍ കീഴടങ്ങാനെത്തി.

കോടതി ഉത്തരവുള്ളതിനാല്‍ മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങണമെന്നു ഷറഫുദ്ദീന്‍ രഘുവിനു നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കോടതി അവധിയായതിനാല്‍ രഘു ഇന്നു കീഴടങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക