ശബരിമലയിലെ മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ തെളിയുന്ന ദിവ്യജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദിവാസികളാണ് ഇത് തെളിയിക്കുന്നത്. കാലങ്ങളായി അവര്‍ നടത്തിവരുന്നതാണിത്. ഇത് ദിവ്യമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡ് രൂപം കൊള്ളുന്നതിന് വളരെ മുമ്പ് തന്നെ ഈ ആചാരം നിലവിലുണ്ടായിരുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിര്‍ത്തലാക്കിയാല്‍ വിശ്വാസത്തെ ബാധിക്കും. എന്നാല്‍ മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണ്.
ഇനി മുതല്‍ ശബരിമലയിലെ ശാന്തിക്കാരനെ വിട്ട് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായി വനം, റവന്യൂ വകുപ്പുകള്‍, കെ എസ് ഇ ബി, പൊലീസ് എന്നിവയുടെ സഹായം ലഭ്യമാക്കണം എന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
സത്യവാങ്മൂലം പരിഗണിച്ച ഹൈക്കോടതി മകരവിളക്ക് തെളിയിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ തടയേണ്ടതില്ലെന്ന് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പരിസ്ഥിതിയ്ക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കണം ദീപാരാധന നടത്തേണ്ടത്.
മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന രീതിയിലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് പുല്ലുമേട്ടില്‍ മകരവിളക്ക് കാണുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേര്‍ മരിച്ചിരുന്നു.