മകരവിളക്ക്‌ നിരോധിക്കാനുള്ള ഹര്‍ജി തള്ളി

വെള്ളി, 25 ഫെബ്രുവരി 2011 (12:52 IST)
PRO
PRO
മകരവിളക്ക്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മനുഷ്യനിര്‍മ്മിതമായ മകരവിളക്ക്‌ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡന്റ്‌ സനല്‍ ഇടമറുകാണ് ഹര്‍ജി നല്‍കിയത്.

ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതായതിനാല്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരോട്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. മകരവിളക്കിനോടനുബന്ധിച്ച്‌ പുല്ലുമേടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മകരവിളക്ക്‌ സംബന്ധിച്ച വിഷയം ഏറെ വിവാദമായിരുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരടക്കം 104 പേരാണ് പൂല്ലുമേട് ദുരന്തത്തില്‍ മരിച്ചത്. പുല്ലുമേട്ടിലെ ഇടുങ്ങിയ വഴിയില്‍ തിക്കിലും തിരക്കിലും പെട്ടാണ് മകരജ്യോതി ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി സംഭവിച്ചത്.

വെബ്ദുനിയ വായിക്കുക