മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഭാര്യാഘാതകനെയാണ് മുഖ്യമന്ത്രി തോളിലേറ്റുന്നതെന്ന് വി എസ് ആരോപിച്ചു. സോളാറില്‍ നടന്നത് കോടികളുടെ കുംഭകോണം ആണെന്ന് പറഞ്ഞ വി എസ് വിഷയത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി പൊലീസ് കാവലിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആദ്യഭാര്യയെ കൊന്നയാളുമായി എറണാകുളത്തുവച്ച് ചര്‍ച്ച നടത്തി. ജയിലില്‍ കിടന്ന് പ്രസവിച്ച രണ്ടാംഭാര്യയുമായും കൂടിക്കാഴ്ച നടത്തി. വിജ്ഞാന്‍ ഭവനില്‍ സരിതയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രഹസ്യങ്ങള്‍ ചോരാതിരിക്കാനായിരുന്നു പൊലീസ് കാവല്‍.
സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കറും പക്ഷപാതം കാട്ടിയെന്ന് വിഎസ് പറഞ്ഞു. രണ്ടു മിനിറ്റുകൊണ്ട് നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ സഭ പിരിച്ചുവിടുകയായിരുന്നു. സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന കുംഭകോണം നടന്നപ്പോള്‍ ഭരണകക്ഷിക്ക് കുടപിടിക്കുന്ന സമീപനമാണ് സ്പീക്കറുടേത്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണം പുറത്തുവന്നിട്ടും കേന്ദ്ര നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരില്‍ മാന്യനായ ആന്റണി പ്രതികരിക്കാതെ മാറിനില്‍ക്കുന്നത് ശരിയല്ലെന്നും വി എസ് പറഞ്ഞു.