ഭരണത്തിന്റെ ശീതളഛായയില്‍ സുഖിച്ച ശേഷം പാര്‍ട്ടിക്ക് പുറത്ത് പോകുമ്പോള്‍ ആരോപണം ഉന്നയിക്കുന്നത് അല്പത്തരമെന്ന് ജോയ് എബ്രഹാം

വ്യാഴം, 3 മാര്‍ച്ച് 2016 (18:02 IST)
ഭരണത്തിന്റെ ശീതളച്ചായയില്‍ സുഖിച്ച ശേഷം പുറത്ത് പോകുമ്പോള്‍ പാര്‍ട്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അല്പത്തമാണെന്ന് രാജ്യസഭ എ പിയും കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയുമായ ജോയ് എബ്രഹാം. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. പാര്‍ട്ടിയില്‍ കുടുംബവാഴ്ചയില്ലെന്നും ജോയ് എബ്രഹാം പറഞ്ഞു. ആന്റണി രാജുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജോയ് എബ്രഹാം.
 
സീറ്റിനു വേണ്ടിയല്ല കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകുന്നതെന്ന ആന്റണി രാജുവിന്റെ പ്രസ്ഥാവന പച്ചക്കള്ളമണെന്നും ഇടതു മുന്നണിയുമായി ഇവര്‍ വ്യക്തമായ രാഷ്ട്രീയധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ജോയ് എബ്രഹാം പറഞ്ഞു.  ബാര്‍ കോഴ കേസിലടക്കം കേരളാ കോണ്‍ഗ്രസിന്റെ വക്താവായി പ്രവര്‍ത്തിച്ച ആന്റണി രാജു ഇന്ന് നടത്തിയ പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ ഇടതു മുന്നണി നടത്തിയ പ്രത്യേക ടെസ്റ്റ് ആന്റണി രാജു ഉള്‍പ്പടെ ഉള്ളവര്‍ പാസായതായി സംശയിക്കേണ്ടി വരുമെന്നും ജോയ് എബ്രഹാം പറഞ്ഞു.
 
ബി ജെ പിയുമായി കേരളാ കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച നടത്തിയെന്ന തരത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ ഹാജരാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ പറയാന്‍ കേന്ദ്രമന്ത്രിയെ കാണുന്നതില്‍ തെറ്റില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ രാഷ്ട്രീയപരമായി കണേണ്ട കാര്യമില്ലെന്നും ജോയ് എബ്രഹാം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക