ബൽറാമിനറിയാത്ത, ബൽറാം അറിയേണ്ട ഒരു കഥയുണ്ട്- അതിങ്ങനെ

ശനി, 6 ജനുവരി 2018 (12:27 IST)
കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട വിടി ബല്‍റാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. എകെജിയെ കുറിച്ച് മകള്‍ ലൈല കഴിഞ്ഞ ദിവസം മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നിലവിലെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തിയുണ്ട്. 
 
എകെജി അനുസ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു ലൈലയുമായുള്ള അഭിമുഖം. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ.
 
‘എനിക്കോര്‍മ്മയുണ്ട്, അച്ഛനെന്നെ അടിച്ചു. അച്ഛനെ കാണാന്‍ മുഹമ്മയിലെ വീട്ടില്‍ വന്നവരിലൊരാള്‍, എനിക്ക് ഒരു കരിമണിമാല തന്നു. അച്ഛനോ അമ്മയോ എനിക്ക് ഒരു മാലയോ വളയോ ഒന്നും വാങ്ങിത്തന്നിരുന്നില്ല. രാത്രി അച്ഛന്‍ വന്നപ്പോള്‍, ഇതാ സ്വര്‍ണമാല എന്ന് ഞാന്‍ അച്ഛനെ കാട്ടിക്കൊടുത്തു. ഉടനെ എവിടുന്ന് കിട്ടിയെന്നായി ചോദ്യം. അച്ഛനെ കാണാന്‍ വന്ന ഒരാള്‍ തന്നതെന്നായി ഞാന്‍. ഊരാന്‍ പറഞ്ഞു, ഞാന്‍ ഊരിയില്ല. ഉടന്‍ അടിവീണു. ഞാന്‍ കരഞ്ഞ് ഓടിയപ്പോള്‍ അമ്മ വഴക്ക് പറഞ്ഞു. എന്തിനാ മോളെ തല്ലിയത്, അത് മുക്കിന്റെ മാലയല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ എന്നെ വാരിയെടുത്ത് അച്ഛന്‍ പറഞ്ഞു, സുശീലേ നമ്മള്‍ക്ക് സ്വര്‍ണമാല വാങ്ങാന്‍ പറ്റും. പക്ഷേ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് അതെങ്ങനെ വാങ്ങാനാകും. അതുകൊണ്ട് എന്റെ മോള്‍ സ്വര്‍ണമാല ഇടേണ്ട. ഞാന്‍ ഇന്നേവരെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിട്ടില്ല’
 
എകെജി ബാലപീഡകനാണെന്നായിരുന്നു വിടി ബല്‍റാം ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലിട്ട കമന്റില്‍ പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് ബല്‍റാം പ്രതിരോധത്തിലായത്. 'എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂറ് തന്നെ നല്‍കുന്നതായിരിക്കും'. - എന്നായിരുന്നു ബൽറാം ഫെസ്ബുക്കിൽ കമന്റിട്ടത്.  

(ഉള്ളടക്കത്തിനു കടപ്പാട്: മാതൃഭൂമി ആഴ്ചപതിപ്പ്)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍