ബോംബ് ഭീഷണി: ഗുരുവായൂര്‍ ക്ഷേത്രം കനത്ത സുരക്ഷയില്‍

തിങ്കള്‍, 13 ഓഗസ്റ്റ് 2012 (11:02 IST)
PRO
PRO
ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബു ഭീഷണിയുണ്ടെന്ന അജ്‌ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന്‌ ക്ഷേത്രം വന്‍ പൊലീസ്‌ കാവലില്‍. ശനിയാഴ്ച ഉച്ചക്ക്‌ 12 -മണിയോടേയാണ്‌ ബോംബു ഭീഷണി ഉയര്‍ത്തി അജ്‌ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്‌. ക്ഷേത്രത്തിന്‌ ചുറ്റും ഡോഗ്‌ സ്‌ക്വാഡ്‌ പരിശോധന നടത്തി. ഒരു സ്വകാര്യ ചാനലിലേക്കായിരുന്നു ഗുരുവായൂര്‍ ക്ഷേത്രം മൂന്ന്‌ ദിവസത്തിനകം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന അജ്‌ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടനെ തന്നെ വിവരം സിറ്റി പൊലീസ്‌ കമ്മീഷണര്‍ പി വിജയന്‌ കൈമാറുകയായിരുന്നു.

എറണാകുളത്തെ ഒരു കോയിന്‍ ബോക്‌സില്‍ നിന്നുമായിരുന്നു സന്ദേശം ലഭിച്ചതെന്നറിവായിട്ടുണ്ട്. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന്‌ ക്ഷേത്രം പൊലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ ചുമതല, അസി:കമ്മാണ്ടന്റിനെ ഏല്‍പ്പിച്ചതായും, സുരക്ഷ ചുമതലകള്‍ക്കായി ഏ ആര്‍ ക്യാമ്പിലെ അഞ്ച്‌ എസ്‌ഐ മാരെ ചുമതലപ്പെടുത്തിയതായും, ക്ഷേത്രത്തിന്‌ പുറത്ത്‌ സ്‌ഥാപിച്ചിട്ടുള്ള കാമറകള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ്‌ കമ്മീഷണര്‍ ആര്‍ കെ ജയരാജ്‌ അറിയിച്ചു.

ക്ഷേത്രത്തിനകത്തും കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചുകഴിഞ്ഞു. ഗുരുവായൂരിലെ ലോഡ്‌ജുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്‌ സ്‌റ്റാന്റുകള്‍ മുതലായവ കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷവും ജൂലൈ 27-ന് അല്‍-ഖ്വയ്‌തയുടെ പേരില്‍ ബോംബ്‌ ഭീഷണി മുഴക്കിയുള്ള ഒരു സന്ദേശം അന്നത്തെ ദേവസ്വം ശ്രീകാര്യം കെ.എം. രഘുരാമനു ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക