ബിജെപി പരിപാടിയില്‍ പി സി ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെ എം മാണി

ചൊവ്വ, 17 ഡിസം‌ബര്‍ 2013 (17:42 IST)
PRO
PRO
സര്‍ദാര്‍ പ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ നടപടിയില്‍ തെറ്റില്ലെന്ന് കെ എം മാണി. ബിജെപി പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ല. ധാര്‍മ്മികമായും നിയമപരമായും ജോര്‍ജിന്റെ നടപടി തെറ്റായി കാണാനാകില്ല.

വിഷയത്തില്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടേത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മാണി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റുപാര്‍ട്ടിയിലെ നേതാക്കന്മാരെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നത് സാധാരണമാണെന്നും മാണി വ്യക്തമാക്കി.

ബിജെപിയുടെ കൂട്ടയോട്ട വേദിയില്‍ പി സി ജോര്‍ജ്ജ് പങ്കെടുത്തതിനെതിരെ ചെന്നിത്തല അടക്കമുള്ള യുഡി‌എഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോര്‍ജിന്റെ നടപടി തെറ്റായെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഞായറാഴ്ച്ച ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം പിസി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തത് വന്‍ വിവാദമായിരുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പി സി ജോര്‍ജ് വേദിയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക