ബിജുവിനും കൊടിക്കുന്നിലിനും എതിരായ ഹര്‍ജി തള്ളി

ചൊവ്വ, 31 മാര്‍ച്ച് 2009 (15:51 IST)
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു, യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. ഇവര്‍ സംവരണമണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

ഇതു സംബന്ധിച്ച പരാതികള്‍ തെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെയാണ് ഉന്നയിക്കേണ്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും, ജസ്‌റ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാ‍ന്‍ ഇവര്‍ക്ക് അര്‍ഹതയില്ലെന്ന് കാണിച്ചു കൊണ്ടുള്ള ഹര്‍ജികളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.

പി കെ ബിജു ആലത്തൂരിലാണ് ജനവിധി തേടുന്നത്. കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ മത്സരിക്കുന്നു.

വെബ്ദുനിയ വായിക്കുക