ഫേസ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ: മോശമായി ഒന്നും ചെയ്തിട്ടില്ലെന്ന് രതീഷ്

ചൊവ്വ, 28 ജനുവരി 2014 (13:09 IST)
PRO
PRO
ഫേസ്ബുക്കില്‍ അപമാനിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആള്‍ വിശദീകരണവുമായി രംഗത്ത്. എറണാകുളം സൗത്ത് ചിറ്റൂര്‍ മെട്രോ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്‌ക്ക് താമസിക്കുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി ബിനുഭവനില്‍ അനീഷിന്റെ ഭാര്യ വിജിതയുടെ (27) ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നാണ് ആരോപണവിധേയനായ രതീഷ് അവകാശപ്പെടുന്നത്. ഒരു ചാനലിനോടാണ് രതീഷ് ഇക്കാര്യം അറിയിച്ചത്.

യുവതിക്കെതിരെ മോശമായ ഒന്നും ചെയ്തിട്ടില്ല. ഒരു കോടതി കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ തന്നോട് വൈരാഗ്യം തീര്‍ക്കുകയാണ് എന്നാണ് രതീഷ് ആരോപിക്കുന്നത്. തന്റെ അമ്മയെയും ഭാര്യയെയും ഫേസ്ബുക്കിലൂടെ യുവതിയുടെ സഹോദരന്‍ അപമാനിച്ചു. ഇതിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ഫേസ്ബുക്കില്‍ ചെയ്തതെന്ന് രതീഷ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ യുവതിയെ അപമാനിച്ച രതീഷ് എന്നയാള്‍ക്കെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു എന്നും പക്ഷേ പൊലീസ് കേസെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക