പ്രവാസി പുനരധിവാസ പാക്കേജ് ഒരു മാസത്തിനകം: കെ സി ജോസഫ്
വെള്ളി, 14 ജൂണ്‍ 2013 (17:10 IST)
PRO
PRO
പ്രവാസി പുനരധിവാസ പാക്കേജ് ഒരു മാസത്തിനകം എന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ അറിയിച്ചു. പ്രവാസി പുനരധിവാസ പാക്കേജിനുള്ള അന്തിമരൂപം ഉടനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഉടന്‍ തൊഴിലവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നു പ്രതിപക്ഷം ആരോപിച്ചു. വഞ്ചനാപരമായ നിലപാടാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി ഈ പ്രശ്നത്തില്‍ സ്വീകരിച്ചതെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. സഭ നിര്‍ത്തിവെച്ച് സ്വദേശിവത്കരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കി.
സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും സൗദി പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കുവൈറ്റിലെ പ്രശ്‌നം പരിഹരിക്കുന്നതില്‍ കുവൈറ്റ് അധികൃതര്‍ സഹകരിക്കുന്നില്ലെന്നും മന്ത്രി കെ സി ജോസഫ് ഈ പ്രശ്നത്തില്‍ കുവൈറ്റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍ അധികൃതര്‍ നിസ്സഹകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.