കേന്ദ്രകമ്മിറ്റി പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതല്ല പ്രമേയമെന്ന് വി എസ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് എല്ലാ പി ബി അംഗങ്ങള്‍ക്കും അയച്ചിട്ടുണ്ട്.
പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന പ്രമേയത്തിലെ പരാമര്‍ശത്തോടുള്ള കടുത്ത വിയോജിപ്പും വി എസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് ഉന്നയിച്ച പരാതികള്‍ പ്രത്യയശാസ്ത്രപരമല്ലെന്നും വിഭാഗീയതയുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര കമ്മിറ്റി പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാര്‍ട്ടി മുഖപത്രമായ ദേശഭിമാനി പ്രസിദ്ധീകരിച്ചത് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തി പോളിറ്റ് ബ്യൂറോ തയാറാക്കിയതാണ് പ്രമേയം. ഇതിന്റെ പൂര്‍ണ രൂപമാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതെന്നും കാരാട്ട് വ്യക്തമാക്കി.