പ്രതിപക്ഷം വനിത എംഎല്‍എമാരെ ചാവേര്‍ പടയായി ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി

ബുധന്‍, 18 മാര്‍ച്ച് 2015 (13:28 IST)
ബജറ്റ് അവതരണം നടന്ന ദിവസം നിയമസഭയില്‍ പ്രതിപക്ഷം വനിത എം എല്‍ എമാരെ ചാവേര്‍ പടയായി ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത എം എല്‍ എമാരെ ചാവേര്‍ പടയായി പ്രതിപക്ഷം എന്തിനാണ് മുന്നോട്ട് വിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. 
 
നൂറിലധികം ക്യാമറകള്‍ കണ്ണു തുറന്നു നിന്നിടത്ത് ലൈംഗികച്ചുവയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതുപോലെ ഒരു ദുഷ്‌പ്രചാരണത്തിനു ഇറങ്ങിത്തിരിക്കുന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇത്രയും ഫോട്ടോകള്‍ ഹാജരാക്കിയവര്‍ എന്തുകൊണ്ട് സി ഡി കാണിക്കുന്നില്ല. ഒന്നിച്ചിരുന്ന് സി ഡി കാണാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞതാണ്. സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സമയത്ത് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
നിയമസഭയില്‍ സംഘര്‍ഷത്തിനിടയില്‍ തന്നെ ആരെങ്കിലും ആക്രമിക്കാന്‍ വന്നോ എന്ന് തനിക്കറിയില്ല. തനിക്കുചുറ്റും ആളുകള്‍ നിന്നിരുന്നു. ഉന്തും തള്ളും ഉണ്ടായതിനിടയില്‍ തന്റെമേല്‍ ആരൊക്കെയോ വീണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ലഡുവിതരണം ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം, പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അല്ലെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്. മാണി കുറ്റം ചെയ്തതായി കരുതുന്നില്ല.  ഇന്നുവരെ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക