പൊലീസുകാരെ മര്‍ദ്ദിച്ച ജവാന്‍ അറസ്റ്റില്‍

ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (16:16 IST)
PRO
PRO
പൊലീസുകാരെ മര്‍ദ്ദിച്ച ജവാന്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനു പൊലീസ് കസ്റ്റഡിയിലെടുത്ത ജവാന്‍ പൊലീസ് സ്റ്റേഷനില്‍ ഉപകരണങ്ങള്‍ക്ക് കേടുവരുത്തുകയും എസ്ഐയേയും പാറാവു നിന്ന പൊലീസുകാരിയേയും മര്‍ദ്ദിക്കുകയാ‍യിരുന്നു. ഇതിനെ തുടര്‍ന്ന് ജവാനെ പൊലീസ് വീണ്ടും കേസെടുത്തു.

കഴിഞ്ഞ ദിവസം വലിയമല പൊലീസ് സ്റ്റേഷനിലാണു സംഭവം അരങ്ങേറിയത്. ആസാം സിഗ്നല്‍സില്‍ ജെസിഒ ആയ മന്നൂര്‍ക്കോണം പുതിയന്‍കാവ് ശ്രീശൈലത്തില്‍ ബൈജുകുമാര്‍ (40) മദ്യപിച്ച് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കവേയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ച് വാഹനമോടിച്ചതിനു കേസെടുത്ത ശേഷം ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം ഇയാള്‍ പട്ടാള യൂണിഫോമില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷം ബൈക്ക് അവശ്യപ്പെട്ട് എസ്ഐയെ അധിക്ഷേപിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.

തടയാന്‍ ശ്രമിച്ച വനിതാ പൊലീസുകാരിയേയും മറ്റ് ചില പൊലീസുകാരെയും മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റേഷനിലെ മേശ, കസേര എന്നിവ കേടുവരുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം പാങ്ങോട്ട് മിലിട്ടറി ഓഫീസില്‍ അറിയിച്ചതായും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക