പൊന്നോണം എത്തി: നാടും നഗരവും ഉത്രാടപ്പാച്ചിലില്‍

ചൊവ്വ, 28 ഓഗസ്റ്റ് 2012 (13:27 IST)
PRO
PRO
തിരുവോണത്തിനായി മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ മലയാളികള്‍ അവസാനവട്ട ഒരുക്കം. ഓണസദ്യയൊരുക്കാനുള്ള കേള്‍വികേട്ട ഉത്രാടപാച്ചിലില്‍ പട്ടണങ്ങളും ഗ്രാമങ്ങളും ഒരുപോലെ തിരക്കിലമര്‍ന്നു. ഏറ്റവും പുതിയത് കൊണ്ട് സദ്യ ഒരുക്കണമെന്നും ഏറ്റവും പുതിയ വസ്ത്രങ്ങള്‍ ഇടണമെന്നും കരുതി മലയാളികള്‍ ഓണഘോഷത്തിരക്കില്‍ ഒഴുകിയപ്പോള്‍ തെരുവുകള്‍ ജനനിബിഡമായി.

വിഭവ സമൃദ്ധമായ ഓണസദ്യയ്‌ക്ക് പലവ്യഞ്‌ജനവും പച്ചക്കറികളും വാങ്ങാനായി ജനം ഒഴുകിയെത്തിയതോടെ മാര്‍ക്കറ്റുകളില്‍ ദിവസങ്ങളായി അനുഭവപ്പെടുന്ന തിരക്ക്‌ ക്രമാതീതമായി വര്‍ധിച്ചു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്‌, ഐ.ആര്‍.ഡി.പി. ഓണം വിപണന മേളകള്‍, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി സ്‌റ്റാളുകളില്‍ അഭൂതപൂവമായ തിരക്കായിരുന്നു.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ പെയ്ത മഴ വ്യാപരികളെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും പിന്നീട് മാനം തെളിഞ്ഞതോടെ വീണ്ടും തിരക്ക് വര്‍ദ്ധിച്ചു.വസ്ത്രശാലകളിലും ജൂവലറികളിലുമെല്ലാം കച്ചവടം പൊടിപൊടിച്ചു. ആലപ്പുഴയില്‍ തിരക്ക്‌ നിയന്ത്രിക്കാന്‍ വസ്‌ത്രവ്യാപാരശാലകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ട അവസ്ഥയുമുണ്ടായി. സിനിമാ തീയേറ്ററുകളിലും തിരക്കേറി. ഏറ്റവും കൂടുതല്‍ തിരക്ക് വഴിയോരവ്യാപാര കേന്ദ്രങ്ങളിലെ വസ്ത്രവില്‍പ്പനയ്ക്കായിരുന്നു. ഉത്രാടം ഉച്ചയാവുമ്പോള്‍ അച്ചിമാര്‍ക്ക് വെപ്രാളം എന്ന പഴമക്കാരുടെ ചൊല്ലിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഗ്രാമ നഗരഭേദമില്ലാതെ ഉണ്ടായ ഓണതിരക്ക്.

ക്ഷേത്രങ്ങളും തിരുവോണത്തിനായി ഒരുങ്ങി. തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങളുമായി തിരുവോണത്തോണി ചൊവ്വാഴ്ച കാട്ടൂരില്‍ നിന്ന് യാത്രതിരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറന്മുളയിലെത്തിയതിനുശേഷമായിരിക്കും പാര്‍ഥസാരഥിക്ഷേത്രത്തിലെ തിരുവോണ ചടങ്ങുകള്‍ ആരംഭിക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം തുടങ്ങി. തിരുവോണ ദിവസം ഇത് സദ്യയുണ്ടാക്കാന്‍ ഉപയോഗിക്കും. തിരുവോണ ദിവസം ഭഗവാന് ഓണക്കോടി സമര്‍പ്പിക്കാനുള്ള അവസരവുമുണ്ടാകും. പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ ആറിന് ഉഷപ്പൂജയ്ക്ക് നട അടയ്ക്കുന്നത് വരെയാണ് സമര്‍പ്പണ ചടങ്ങ്. അവകാശിയായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരി ആദ്യത്തെ ഓണപ്പുടവ സമര്‍പ്പിക്കും.

അത്തംപത്തിന് പൊന്നോണം എന്നാണെങ്കിലും ഇത്തവണ അത്തം പിറന്ന് ഒന്പതാം നാളിലാണ് തിരുവോണം വന്നുചേരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂരാടവും ഉത്രാടവും ഒരുമിച്ചു വന്നുചേര്‍ന്നതാണ് തിരുവോണം ഒന്പതാംദിവസം എത്തിച്ചേരാന്‍ കാരണം. ചില വര്‍ഷങ്ങളില്‍ ഇതിനുമുന്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക