പേടിക്കാട് മടയിലും കുടിവെള്ളം!

വെള്ളി, 10 മെയ് 2013 (16:15 IST)
PRO
PRO
ഇരുമ്പനം പേടിക്കാട് പാറമടയിലെ ജലശേഖരം കുടിവെള്ളപദ്ധതിക്കായി പ്രയോജനപ്പെടുത്തുത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ജില്ല കളക്ടര്‍ പിഐ ഷെയ്ക്ക് പരീത് അറിയിച്ചു. മികച്ച രീതിയില്‍ സംരക്ഷിച്ചിട്ടുള്ള പാറമടയിലെ ജലം റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയയിലൂടെ കുടിവെള്ളമാക്കാനാകുമൊണ് പ്രാഥമിക വിലയിരുത്തല്‍.

വാട്ടര്‍ അതോറിറ്റിയുടെയും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെയും വിദഗ്ധര്‍ അടുത്തയാഴ്ച മടയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ആര്‍ വേണുഗോപാലിനും ജനപ്രതിനിധികള്‍ക്കുമൊപ്പം പേടിക്കാട് മട സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. പാറമടകളിലും ഓരുവെള്ളം കലരാത്ത മറ്റ് ജലാശയങ്ങളിലും കുടിവെള്ള പദ്ധതി നടപ്പാക്കുതിന് വിവിധ കമ്പനികള്‍ ജില്ല ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്.

പാറമടകളിലെയും കുളങ്ങളിലെയും ജലം സംസ്‌കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണയും ജില്ല ഭരണകൂടത്തിന് ലഭിക്കും. നഗരസഭകളും പഞ്ചായത്തുകളും ചൂണ്ടിക്കാട്ടുന്ന ജലാശയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സംഘത്തെ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പാറമടകളില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് പേടിക്കാട് മടയെ പരിഗണിക്കുന്നത്.
മടയിലെ വെള്ളം സമീപവാസികള്‍ ഇപ്പോള്‍ തന്നെ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്നുണ്ട്. റിവേഴ്‌സ് ഓസ്‌മോസിസിന് പുറമെ അള്‍ട്രാവയലറ്റ്, ഓസോ ശുദ്ധീകരണം കൂടി സാധ്യമായാല്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ള കുടിവെള്ളം ലഭ്യമാകും. ശുദ്ധീകരണപ്രക്രിയക്കാവശ്യമായ വൈദ്യുതി സൗരോര്‍ജത്തില്‍ നിന്നും ഉല്‍പാദിപ്പിക്കാനാകുമെന്നും കളക്ടര്‍ പറഞ്ഞു. മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വീതം ഉല്‍പാദിപ്പിക്കാവുന്ന പൈലറ്റ് പ്രൊജക്ടാണ് പേടിക്കാട് മടയില്‍ പരിഗണിക്കുത്. പ്രതിദിനം 30000 ലിറ്റര്‍ കുടിവെള്ളം ഉല്‍പാദിപ്പിക്കാനാകും.

വെബ്ദുനിയ വായിക്കുക